ബാലിയിൽ അടിച്ചു പൊളിച്ച് കൃഷ്ണകുമാറും ഫാമിലിയും, അറിയാം താരങ്ങളുടെ ബാലി വിശേഷങ്ങൾ

krishnakumar and family in bali: നടൻ കൃഷ്ണകുമാറും കുടുംബവും വലിയ ആഘോഷത്തിലാണ്. മകൾ ദിയയുടെ വിവാഹാഘോഷങ്ങൾക്ക് പിന്നാലെ യാത്രയിലാണ് കുടുംബം. മക്കൾക്കും ഭാര്യ സിന്ധുവിനുമൊപ്പം ബാലിയിലേക്കാണ് കൃഷ്ണ കുമാറിന്റെ യാത്ര. ‘ഗേൾസ് ഇൻ ബാലി’ എന്ന കുറിപ്പോടെയാണ് താരം യാത്രാചിത്രം പങ്കുവച്ചിരിക്കുന്നത്. അഹാനയും ദിയയും ഇഷാനിയും ഹൻസികയും സിന്ധുവുമാണ് ചിത്രത്തിലുള്ളത്. കേരളത്തിന്റെ പച്ചപ്പിനെ പകർത്തി വച്ചിരിക്കുന്നത് പോലെയാണ് ബാലി. ഇന്തൊനീഷ്യൻ ദ്വീപ് സമൂഹത്തിലെ ഏറ്റവും സുന്ദരമായ ദ്വീപുകളിൽ ഒന്നാണ് ബാലി.

ശാന്തമായ കടൽത്തീരങ്ങൾ, നെൽപ്പാടങ്ങൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, അഗ്നിപർവ്വതങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ മനോഹരമാണ് ബാലി. സഞ്ചാരിയുടെയും മനസ്സുനിറയ്ക്കും ഇവിടുത്തെ കാഴ്ചകൾ. ഇന്ത്യയിൽ നിന്നുമുള്ള സഞ്ചാരികൾക്കു അധികം ചെലവില്ലാതെ പോയിവരാം. ബാലിനീസ് ഭാഷയിൽ തനഹ് ലോട്ട് എന്നത് കടലിലെ കര എന്നാണ് അർഥമാക്കുന്നത്. ഡെൻപസാറിന് ഏകദേശം 20 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി തബനാനിൽ സ്‌ഥിതി ചെയ്യുന്ന ക്ഷേത്രം വർഷങ്ങളായി സമുദ്രത്തിന്റെ വേലിയേറ്റം കൊണ്ടു രൂപപ്പെട്ട ഒരു വലിയ പാറക്കൂട്ടത്തിനു മുകളിലായാണ് നിർമിച്ചിട്ടുള്ളത്. ദേവ ബരുണ അല്ലെങ്കിൽ ഭട്ടാര സെഗരയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തി. ബാലിനീസ് തീരത്തിനു ചുറ്റുമുള്ള ഏഴ് കടൽ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

പതിനാറാം നൂറ്റാണ്ടിൽ ബാലിയിലെ ശൈവ സന്യാസി ദാംഗ്യാങ് നിരാർഥയാണ് ഈ ക്ഷേത്രം സ്‌ഥാപിച്ചതെന്നു കരുതപ്പെടുന്നു. ദ്വീപിന്റെ അടിത്തട്ടിൽ വസിക്കുന്ന വിഷമുള്ള കടൽപ്പാമ്പുകൾ ക്ഷേത്രത്തെ ദുരാത്മാക്കളിൽ നിന്നും നുഴഞ്ഞുകയറ്റക്കാരിൽ നിന്നും സംരക്ഷിക്കുമെന്ന് വിശ്വസിക്കുന്നു. വിനോദസഞ്ചാരികൾക്ക് ഒട്ടേറെ ഭക്ഷണശാലകൾ ഇവിടെയുണ്ട്. ബാലിയിലെ പ്രധാനപ്പെട്ട ശൈവക്ഷേത്രങ്ങളിൽ ഒന്നാണ് ബെരാതൻ ക്ഷേത്രം. ബാലിയിലെ ഒരു പർവത തടാക റിസോർട്ട് പ്രദേശമായ ബെഡുഗുലിൽ ബട്ടൻ തടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്ര സമുച്ചയം. 1633 ൽ പണികഴിപ്പിച്ച ക്ഷേത്രം ബാലിനീസ് ജലം, തടാകം, നദി ദേവതയായ ദേവി ദാനു എന്നിവരെയാണ് ആരാധിക്കുന്നത്.

തെഗല്ലലംഗ് റൈസ് ഫീൽഡ്സ് സമൃദ്ധമായ വനങ്ങളും പാടങ്ങളും പച്ചപ്പും നിറഞ്ഞ പ്രദേശമാണ്. തട്ടുതട്ടായി കൃഷിചെയ്ത നെൽപ്പാടങ്ങൾ ഇവിടെ കാണാം. പെജെങ്, കാംപുഹാൻ, തെഗല്ലലംഗ് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളിലാണ് ഇവിടെ ടെറസ് കൃഷി കാണുന്നത്. യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നായി തെഗല്ലലംഗ് പട്ടികപ്പെടുത്തിയിട്ടുണ്ട്.

ബാലിയുടെ സാംസ്കാരിക ഹൃദയമെന്നാണ് ഉബുദ് അറിയപെടുന്നത്. ഇവിടെ ധാരാളം വയലുകളും കുന്നുകളും കാണാൻ കഴിയും. ഇവിടുത്തെ പ്രശസ്തമായ രാജകൊട്ടാരമാണ് പുരി സരെൻ അഗുങ്. ഇവിടെ ഉണ്ടായിരുന്ന അവസാനത്തെ രാജാവായ ജെഡെ അഗുങ് സുഖാവതിയുടെ കൊട്ടാരമാണിത് . വിശേഷാവസരങ്ങളിൽ നൃത്തങ്ങളും ആഘോഷങ്ങളും കൊട്ടാരമുറ്റത്തു നടത്തപ്പെടാറുണ്ട്. ബാലിയിലെ മറ്റു പ്രദേശങ്ങൾ പോലെത്തന്നെ ഇവിടെയും നിരവധി ക്ഷേത്രങ്ങൾ കാണാൻ കഴിയും.

ഗോവ ഗജ എന്നറിയപ്പെടുന്ന എലിഫൻ്റ് ഗുഹ, ഗുനുങ് കവ്വി ക്ഷേത്രം എന്നിവയാണ് ഉബുദിലെ മറ്റുപ്രധാന കാഴ്ചകൾ. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ചെണ്ട എന്നറിയപ്പെടുന്ന മൂൺ ഓഫ് പേജെങ് കാണാനായി നിരവധി സഞ്ചരികൾ എത്താറുണ്ട്. ധാരാളം റിസോർട്ടുകൾ, സ്പാ, കച്ചവട സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവയും ഇവിടെയുണ്ട്. ഉബുദിലെ മറ്റൊരു ആകർഷണമാണ് മങ്കി ഫോറസ്‌റ്റ്. കുരങ്ങന്മാർ മാത്രമല്ലാതെ വൈവിധ്യമാർന്ന സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെയുണ്ട്.

krishnakumar and family in bali

186 ലധികം വൈവിധ്യമാർന്ന സസ്യജാലങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പതിനായിരത്തിനു മുകളിൽ സന്ദർശകരാണ് എല്ലാ മാസവും മങ്കി ഫോറെസ്റ്റിൽ എത്തുന്നത്. അതിഥികളായി എത്തുന്നവർക്ക് ആസ്വദിക്കാനായി നിരവധി വിനോദങ്ങളുമായി കുട്ട, സെമിനിയാക് ബീച്ചുകളും ഇവിടെ ഉണ്ട്. പെംഗ്ലിപുരാൻ പോലുള്ള ഗ്രാമങ്ങൾ ആധികാരികമായ ബാലിനീസ് അനുഭവം നൽകും. തടാകത്തിന്റെ അതിമനോഹരമായ കാഴ്ചകൾ നിറഞ്ഞ സജീവ അഗ്നിപർവതമായ മൗണ്ട് ബത്തൂരിൻറെ ആസ്ഥാനം കൂടിയാണ് ഈ ദ്വീപ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ബാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ സമയത്ത് വിമാനനിരക്കും ഹോട്ടൽ നിരക്കും വളരെ കുറവായിരിക്കും.

celebrity newsentertainmentkrishnakumar and family in balimalayalam cinema
Comments (0)
Add Comment