nikihila vimal speaks about mammotty: സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെ സിനിമാരംഗത്തെത്തിയ ആളാണ് നിഖില വിമൽ. ലവ് 24×7 ലൂടെ നായികയായി അരങ്ങേറിയ നിഖില തമിഴിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായി. 2018ൽ അരവിന്ദന്റെ അതിഥികളിലൂടെ വീണ്ടും മലയാളത്തിൽ സജീവമായി. മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ഗുരുവായൂരമ്പല നടയിലിലും നിഖില പ്രധാന വേഷത്തിൽ എത്തിയിരുന്നു. മാരി സെൽവരാജ് സംവിധാനം ചെയ്‌ത വാഴൈയാണ് നിഖിലയുടെ പുതിയ ചിത്രം.
ഈ വർഷം താൻ മൂന്ന് സിനിമകൾ ചെയ്‌തുവെന്നും കഴിഞ്ഞ ഒരു മാസമായി താൻ തുടർച്ചയായി ഷൂട്ടും പ്രൊമോഷനുമായി നടക്കുകയായിരുന്നുവെന്നും നിഖില പറഞ്ഞു. വിശ്രമമില്ലാതെ ജോലിയെടുക്കുന്ന സമയത്ത് ബ്രേക്ക് എടുത്താലോ എന്ന് ചിന്തിക്കാറുണ്ടെന്നും പലപ്പോഴും അത് തോന്നിയിട്ടുണ്ടെന്നും നിഖില കൂട്ടിച്ചേർത്തു.2022ൽ ജോ ആൻഡ് ജോ എന്ന സിനിമക്ക് ശേഷം താൻ സിനിമയിൽ നിന്ന് കുറച്ചുകാലം ബ്രേക്കെടുത്താലോ എന്ന് ചിന്തിച്ചിരുന്നെന്നും ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ബ്രേക്കെടുക്കാൻ മാത്രം എന്താണ് ചെയ്തിട്ടുള്ളതെന്ന് മമ്മൂട്ടി തിരിച്ചു ചോദിച്ചെന്നും നിഖില പറഞ്ഞു. വാഴൈയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.
ഈ വർഷത്തെ കാര്യം നോക്കിയാൽ ഞാൻ മൂന്ന് സിനിമകളാണ് ചെയ്‌തത്. അതിൻ്റെ ഷൂട്ടും പ്രൊമോഷനുമൊക്കെയായി ഇത്രയും കാലം ഓട്ടമായിരുന്നു. വാഴൈയുടെ പ്രൊമോഷന് വേണ്ടി കഴിഞ്ഞ ദിവസം ബാഗ്ലൂരിലായിരുന്നു. ഇന്ന് ചെന്നൈ, മറ്റന്നാൾ വീണ്ടും കൊച്ചിയിലേക്ക് പോകണം. ഇതൊക്കെ കഴിയുമ്പോൾ ഞാൻ വീണ്ടും വെറുതേയിരിക്കും. ഇങ്ങനെ തുടരെ പണിയെടുക്കുമ്പോൾ ഒരു ബ്രേക്ക് എടുത്ത് കൊണ്ട് വെറുതെ ഇരുനെങ്കിലോന്ന് ചിന്തിക്കാറുണ്ട്.
nikihila vimal speaks about mammotty
2022ൽ ജോ ആൻഡ് ജോ എന്ന സിനിമയുടെ ഷൂട്ടും അതിന്റെ പ്രൊമോഷനും എല്ലാം കഴിഞ്ഞപ്പോൾ ഞാൻ മൊത്തത്തിൽ തളർന്നു. കുറച്ചുനാൾ സിനിമയിൽ നിന്ന് ബ്രേക്കെടുക്കാമെന്ന് ചിന്തിച്ചു. മമ്മൂട്ടി സാറിനെ കാണാൻ പോയപ്പോൾ ഇക്കാര്യം സൂചിപ്പിച്ചു. ‘ബ്രേക്കെടുക്കാൻ മാത്രം നീ സിനിമയിൽ എന്താ ചെയ്തിട്ടുള്ളത്’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ‘ഇപ്പോൾ നീ ബ്രേക്കെടുത്താൽ ബ്രേക്കിൽ തന്നെ ഇരിക്കേണ്ടി വരും. ഓടാൻ പറ്റുന്ന പ്രായത്തിൽ ഓട്’ എന്നാണ് മമ്മൂക്ക പറഞ്ഞത്. പിന്നീടാലോചിച്ചപ്പോൾ മമ്മൂക്ക പറഞ്ഞത് ശരിയായി തോന്നി,’ നിഖില പറഞ്ഞു.